കൊറോണ വൈറസ് ലോകത്തിൽ മുഴുവൻ പടർന്നു പിടിച്ചിരിക്കുന്ന ഈ അവസ്ഥയിൽ ഷൂട്ടിങ് എല്ലാം നിർത്തി വെച്ചത് കൊണ്ട് താരങ്ങളെല്ലാം വീട്ടിൽ തന്നെയാണ്. കേരളത്തിലെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ സംഭാവന ചെയ്ത അല്ലുഅർജുനെ മലയാളികൾക്ക് മറക്കാനാവില്ല. താരത്തിന്റെ പിറന്നാൾ ആഘോഷിക്കുന്ന ഈ വേളയിൽ ആരാധകർക്ക് ഒരു സമ്മാനം നൽകിയിരിക്കുകയാണ് അദ്ദേഹം.
ആര്യ, ആര്യ 2 എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ശേഷം സുകുമാർ – അല്ലു അർജുൻ കൂട്ടുകെട്ട് വീണ്ടുമൊന്നിക്കുന്ന ‘പുഷ്പ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പോസ്റ്ററുകൾ റിലീസ് ചെയ്തു. ജനതാ ഗാരേജ്, രംഗസ്ഥലം, അങ്ങ് വൈകുണ്ഠപുരത്ത് തുടങ്ങിയ നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ച മൈത്രി മൂവി മേക്കേഴ്‌സ് ആണ് നിർമാണം.
ദേവി ശ്രീ പ്രസാദ് ആണ് സംഗീതമൊരുക്കുന്നത്. രശ്മിക മന്ദാനയാണ് ചിത്രത്തിലെ നായിക. കേരളത്തിന്റെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയ അല്ലു അർജുൻ കഴിഞ്ഞവർഷം പ്രളയം വന്നപ്പോഴും മലയാളികളെ സഹായിച്ചിരുന്നു.
