മലയാളസിനിമയിലെ എക്കാലത്തേയും വലിയ വിജയചിത്രങ്ങളിൽ ഒന്നായ 'പുലിമുരുകൻ' പുറത്തിറങ്ങിയിട്ട് നാല് വര്ഷം. മലയാള സിനിമ അന്നേ വരെ കണ്ടിട്ടില്ലാത്ത കളക്ഷൻ റെക്കോർഡാണ് 'പുലിമുരുകൻ' സ്വന്തമാക്കിയത്. മലയാളത്തിലെ ആദ്യ നൂറുകോടി ചിത്രത്തിന് അന്യ ഭാഷകളിലും മികച്ച സ്വീകാര്യതയാണ് ലഭിച്ചത്.
നാല് വർഷങ്ങൾക്കിപ്പുറം 'പുലിമുരുകൻ' ടീം വീണ്ടും ഒന്നിക്കുന്നതായി റിപ്പോർട്ട്. ടോമിച്ചൻ മുളകുപാടത്തിന്റെ നിർമാണത്തിൽ ഉദയകൃഷ്ണയുടെ തിരക്കഥയിൽ വൈശാഖ് സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രമാണ് അണിയറയിൽ ഒരുങ്ങുന്നത്. ഈ ചിത്രത്തെ കുറിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണം ഉടൻ എത്തും.
സുരേഷ് ഗോപി നായകനാകുന്ന 'ഒറ്റകൊമ്പൻ' ആണ് ടോമിച്ചൻ മുളകുപാടം നിർമിക്കുന്ന ഏറ്റവും പുതിയ ചിത്രം. പുലിമുരുകന് ശേഷം മമ്മൂട്ടി ചിത്രം 'മധുര രാജ' യാണ് വൈശാഖ് അവസാനമായി സംവിധാനം ചെയ്തത്.
