യുവ നടന്മാരിൽ വ്യത്യസ്തത കൊണ്ട് മലയാളികളെ വിസ്മയിപ്പിച്ച നടനാണ് ഫഹദ് ഫാസിൽ. അദ്ദേഹത്തിന്റെ ഓരോ കഥാപാത്രങ്ങളും ഒന്നിനൊന്ന് വ്യത്യസ്തമാണ്. 'മഹേഷിന്റെ പ്രതികാര'ത്തിലെ നാട്ടിൻപുറത്തുകാരൻ മഹേഷും, 'തൊണ്ടിമുതലി'ലെ കള്ളൻ പ്രസാദും, 'കുമ്പളങ്ങി'യിലെ ഷമ്മിയും ഇപ്പോൾ ട്രാൻസിലെ വിജു പ്രസാദും എല്ലാം രാപകൽ വ്യതാസമുള്ള കഥാപാത്രങ്ങളാണ്.
'ദി ഹിന്ദു'വിന് നൽകിയ അഭിമുഖത്തിലാണ് ഇവ തിരഞ്ഞെടുക്കുന്നതിന് പിന്നിലെ രഹസ്യം ഫഹദ് ഫാസിൽ വെളിപ്പെടുത്തിയത്.
'ഞാൻ ഒരേപോലുള്ള കഥാപാത്രങ്ങൾ തിരഞ്ഞെടുക്കാറില്ല. കൂടുതലായും ശ്രദ്ധിക്കുന്നത് കഥാപാത്രത്തിന്റെ വിവരണത്തെ പറ്റിയാണ്. കഥയ്ക്കനുസരിച്ച് കഥാപാത്രത്തെ രൂപപ്പെടുത്തുക എന്നതാണ് ഒരു നടന്റെ കർത്തവ്യം. 'തൊണ്ടിമുതലും ദൃക്സാക്ഷിയും' എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സമയത്ത് വിശപ്പ് കാരണം കള്ളനായി മാറിയ ഒരാൾ എന്നുമാത്രമെ എനിക്കറിയാമായിരുന്നുള്ളു' - ഫഹദ് പറഞ്ഞു.
ഇതുപോലെ തികച്ചും വ്യത്യസ്തമായ ഒരു കഥാപാത്രമായിട്ടാണ് ഫഹദ് ഇനി എത്തുന്നത്. ടേക്ക് ഓഫ് എന്ന ചിത്രത്തിന്റെ സംവിധായകൻ മഹേഷ് നാരായണൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'മാലിക് ' ആണ് ഫഹദിന്റെ അടുത്ത ചിത്രം.
