കോവിഡ്-19 ന്റെ വ്യാപനം തുടരുന്നതിനാൽ ബാക്കിയെല്ലാ മേഖലയെയും പോലെ സിനിമാ മേഖലയും സ്തംഭനത്തിലാണ്. സിനിമാ മേഖലയിൽ ദിവസവേതനത്തിന് ജോലിചെയ്യുന്നവർ മറ്റു വരുമാനം ഇല്ലാത്തത് കൊണ്ട് വൻ പ്രതിസന്ധിയിലാണ്.
ഈ പ്രതിസന്ധി ഘട്ടത്തിൽ സഹായം അഭ്യർത്ഥിച്ചുകൊണ്ട് ഫിലിം എംപ്ലോയീസ് ഫെഡറേഷൻ ഓഫ് സൗത്ത് ഇന്ത്യയുടെ പ്രസിഡന്റ് ആർ. കെ സെൽവമണി എത്തിയിരുന്നു. ഇതിനു പിന്നാലെ സഹായവുമായി തമിഴ് സിനിമ താരങ്ങളും എത്തി. സൂര്യയും, കാർത്തിയും, ശിവകാർത്തികേയനും, വിജയ് സേതുപതിയും പത്തു ലക്ഷം രൂപ വീതം നൽകാമെന്ന് ഇന്നലെ അറിയിച്ചിരുന്നു. ഇപ്പോഴിതാ സെൽവമണി ആവശ്യപ്പെട്ടതിന്റെ 25% തുകയും നൽകാൻ തയ്യാറാണെന്ന് രജനികാന്ത് അറിയിച്ചിരിക്കുകയാണ്. ഏകദേശം അൻപത് ലക്ഷം രൂപയാണ് താരം വാഗ്ദാനം ചെയ്തത് എന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഈ പ്രതിസന്ധി ഘട്ടത്തിൽ സഹായവുമായി കോളിവുഡിൽ നിന്നും ഒരുപാട് താരങ്ങൾ മുന്നോട്ട് വരുന്നുണ്ട്. നടന്മാരായ പ്രകാശ് രാജ്, പാർത്തിപൻ തുടങ്ങിയവർ സിനിമയിൽ ദിവസ വേദനത്തിന് ജോലി ചെയ്യുന്നവരുടെ കുടുംബത്തിന് അരി വാഗ്ദാനം ചെയ്തിട്ടുണ്ട്.
