'ബാഹുബലി' എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന് ശേഷം രാജമൗലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'RRR'. രാജമൗലി തന്നെ തിരക്കഥ ഒരുക്കുന്ന ചിത്രത്തിൽ രാം ചരനും, ജൂനിയർ എൻ ടി ആറും, അജയ് ദേവഗനും, ആലിയ ഭട്ടുമാണ് പ്രധാന വേഷത്തിൽ എത്തുന്നത്.
എന്നാൽ ആലിയ ഭട്ട് ചിത്രത്തിൽ നിന്നും പിന്മാറി എന്ന രീതിയിൽ വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാൽ താരം ചിത്രത്തിൽ നിന്നും പിന്മാറിയിട്ടില്ലെന്നും ഇപ്പോഴും സിനിമയുടെ ഭാഗമാണെന്നും ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പറഞ്ഞതായി ഐ ബി ടൈംസ് റിപ്പോർട്ട് ചെയ്തു.
ഷൂട്ടിങിനായി ആലിയ ഭട്ട് മേയ് യിൽ ചിത്രത്തിനോടൊപ്പം ചേരുമെന്ന് അണിയറ പ്രവർത്തകർ വ്യക്തമാക്കി. സിനിമയുടെ 75% ഷൂട്ടിങ്ങും അവസാനിച്ചു. ബാക്കിയുള്ള 25% ഭാഗത്തിലും ആലിയ ഭട്ടാണ് പ്രധാന വേഷം കൈകാര്യം ചെയ്യുന്നത്.
പത്തു ഭാഷകളിലായി ഒരുങ്ങുന്ന ചിത്രം 2021 ജനുവരി എട്ടിന് തീയേറ്ററുകളിൽ എത്തും. ഡി.വി.വി എന്റർടെയ്ൻമെന്റസിന്റെ ബാനറിൽ ഡി.വി.വി ധനയ്യ യാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രം ഇറങ്ങുന്നതോടു കൂടി തെലുങ്ക് സിനിമയുടെ നിലവാരം വീണ്ടും വർധിക്കുമെന്നാണ് നിർമ്മാതാക്കൾ പറയുന്നത്.
