സച്ചിയുടെ സംവിധാനത്തിൽ പൃഥ്വിരാജും ബിജുമേനോനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച 'അയ്യപ്പനും കോശിയും ' എന്ന ചിത്രത്തിന്റെ തമിഴ് റീമേക്കിൽ സൂര്യയും കാർത്തിയും അഭിനയിക്കുമെന്ന് സ്ഥിതീകരിക്കാത്ത റിപ്പോർട്ടുകൾ. പൃഥ്വിരാജ് അഭിനയിച്ച ഹവീൽദാർ കോശിയായി കാർത്തിയും, ബിജുമേനോൻ അവതരിപ്പിച്ച എസ്.ഐ അയ്യപ്പൻ നായരായി സൂര്യയും അഭിനയിക്കുമെന്ന് പിങ്ക് വില്ല ഡോട്ട് കോം റിപ്പോർട്ട് ചെയ്തു.
ആടുകളം, ജിഗർതണ്ട തുടങ്ങിയ തമിഴിലെ ഹിറ്റ് ചിത്രങ്ങൾ നിർമിച്ച കതിരസൻ ആണ് 'അയ്യപ്പനും കോശിയും' ചിത്രത്തിന്റെ തമിഴ് റീമേക്ക് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. താര സഹോദരന്മാർ ഒരുമിച്ച് അഭിനയിക്കാൻ പോകുന്നു എന്ന വാർത്ത തമിഴ് സിനിമ ലോകത്ത് വൻ ചർച്ചാവിഷയമായി മാറിയിരിക്കുകയാണ്.
കുറിച്ച് ദിവസങ്ങൾക്ക് മുൻപ് പൃഥ്വിരാജിന്റെ കഥാപാത്രത്തെ ആര്യ അവതരിപ്പിക്കും എന്ന രീതിയിൽ വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ ആര്യ തന്നെ ഈ വാർത്തകൾ നിഷേധിച്ച് രംഗത്തെത്തി. കോളിവുഡിലെ പ്രമുഖ താരം ശശികുമാറും ചിത്രത്തിന്റെ ഭാഗമായിട്ടുണ്ട് എന്ന് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
