പ്രഭാസ് രാമനായി അഭിനയിക്കുന്ന 'ആദിപുരുഷ് ' എന്ന ചിത്രത്തിൽ സീതയുടെ വേഷം ചെയ്യുന്നത് ബോളിവുഡ് താരം കൃതി സനോൺ. ചിത്രത്തിൽ രാവണനായി എത്തുന്നത് ബോളിവുഡ് താരം സെയ്ഫ് അലി ഖാനാണ്.
നേരത്തെ സീതയുടെ വേഷം ചെയ്യുന്നത് അനുഷ്ക ശർമ്മയാണ് എന്നുള്ള സ്ഥിരീകരിക്കാത്ത വാർത്തകളും പുറത്തുവന്നിരുന്നു. എന്നാൽ മുംബൈ മിററിന്റെ റിപ്പോർട്ട് പ്രകാരം കൃതി സനോണുമായി അണിയറ പ്രവർത്തകർ ധാരണയിൽ എത്തിയെന്നാണ് വിവരം.
ഈ ബ്രഹ്മാണ്ഡ ചിത്രത്തിന്റെ ചിത്രീകരണം 2021 ജനുവരിയിൽ ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. ഹിന്ദിയിലും തെലുങ്കിലുമായി ചിത്രീകരിക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത് ടീ സീരീസാണ്. ത്രീ ഡിയിൽ ഒരുങ്ങുന്ന 'ആദിപുരുഷ് ' മലയാളം, തമിഴ്, കന്നഡ എന്നീ ഭാഷകളിലും പുറത്തിറങ്ങും. 2022 ആഗസ്റ്റ് 11നാണ് സിനിമയുടെ റിലീസ് തീരുമാനിച്ചിരിക്കുന്നത്.
