ബിജു മേനോൻ നായകനായ '41'ന് ശേഷം ലാൽ ജോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് റാസൽഖൈമയിൽ പുരോഗമിക്കുകയാണ്. 'അറബികഥ'യ്ക്കും 'ഡയമണ്ട് നെക്ക്ലയിസി'നും ശേഷം തന്റെ ഭാഗ്യ ലൊക്കേഷനായ ദുബായിൽ ചിത്രീകരിക്കുന്ന ഈ സിനിമയ്ക്ക് 'മ്യാവൂ' എന്നാണ് പേരിട്ടിരിക്കുന്നത്. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ സോഷ്യൽ മീഡിയ വഴി ലാൽ ജോസ് പങ്കുവെച്ചു.
സൗബിൻ ഷാഹിർ, മംമ്ത മോഹൻദാസ്, സലിംകുമാർ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഡോ. ഇഖ്ബാൽ കുറ്റിപ്പുറം തിരക്കഥ ഒരുക്കുന്ന ഈ സിനിമയിൽ ദമ്പതിമാരായാണ് സൗബിനും മംമ്തയും അഭിനയിക്കുന്നത്. ഇവർക്കൊപ്പം മൂന്നു കുട്ടികളും പൂച്ചയും കഥാപാത്രങ്ങളാകുന്നു. സലിംകുമാറും ഒരു റഷ്യക്കാരിയും മറ്റു പ്രധാനവേഷങ്ങളിൽ അഭിനയിക്കുന്നു. . തണ്ണീർമത്തൻ ദിനങ്ങൾ, ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ ജസ്റ്റിൻ വർഗീസാണ് സംഗീതസംവിധായകൻ. തണ്ണീർമത്തൻ ദിനങ്ങളിലെ ‘ജാതിക്കാ തോട്ടം’ എന്ന പാട്ടെഴുതിയ സുഹൈൽ കോയ ഈ സിനിമയ്ക്കും പാട്ടുകളെഴുതുന്നു.

