ദൃശ്യം, മെമ്മറീസ്, രാക്ഷസൻ തുടങ്ങിയ ത്രില്ലർ സിനിമകൾ നെഞ്ചേറ്റിയ മലയാളികൾക്ക് കുഞ്ചാക്കോ ബോബൻ നായകനായ അഞ്ചാം പാതിരയിലൂടെ ഹിറ്റ് സമ്മാനിച്ച സംവിധായകനാണ് മിഥുൻ മാനുവൽ തോമസ്. മിഥുന്റെ കരിയറിലെ ആദ്യ സസ്പെൻസ് ത്രില്ലറായിരുന്നു ആഷിഖ് ഉസ്മാൻ നിർമിച്ച അഞ്ചാം പാതിരാ. ഇപ്പോഴിതാ ആ സൂപ്പർ ഹിറ്റ് കൂട്ടുകെട്ട് പുതിയ ത്രില്ലറിനായി വീണ്ടും ഒന്നിക്കുന്നു.
അഞ്ചാം പാതിരാ നിർമിച്ച ആഷിഖ് ഉസ്മാനാണ് ഇക്കാര്യം സോഷ്യൽ മീഡിയ വഴി അറിയിച്ചത്. മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന ത്രില്ലർ ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ തന്നെയാകും നായകനായി എത്തുക. ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവരുമെന്നാണ് റിപ്പോർട്ട്.
അൻവർ റഷീദ് സംവിധാനം ചെയ്യുന്ന പുതിയ തമിഴ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നതും മിഥുൻ മാനുവൽ തോമസാണ്.
