ജെല്ലികെട്ടിന് ശേഷം ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത 'ചുരുളി' സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 25 മത് കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ (ഐഎഫ്എഫ്കെ) മത്സര വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഹരിശ്രീ അശോകൻ നായകനാകുന്ന ജയരാജ് ചിത്രം 'ഹാസ്യ'വും മത്സര വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
മലയാളം സിനിമ ടുഡേ വിഭാഗത്തിലേക്ക് 12 സിനിമകൾ തിരഞ്ഞെടുത്തു. ഗ്രാമവൃക്ഷത്തിലെ കുയിൽ (കെ പി കുമാരൻ), സീ യു സൂൺ (മഹേഷ് നാരായണൻ), സന്തോഷത്തിന്റെ ഒന്നാം രഹസ്യം (ഡോൺ പാലത്തറ), ലവ് (ഖാലിദ് റഹ്‌മാൻ), മ്യൂസിക്കൽ ചെയർ (വിപിൻ ആറ്റ്ലി), അറ്റെൻഷൻ പ്ളീസ് (ജിതിൻ ഐസക് തോമസ്), വാങ്ക് (കാവ്യ പ്രകാശ്), പക – ദ് റിവർ ഓഫ് ബ്ലഡ് (നിതിൻ ലൂക്കോസ്), തിങ്കളാഴ്ച്ച നിശ്ചയം (സെന്ന ഹെഗ്‌ഡെ), പാപം ചെയ്യാത്തവർ കല്ലെറിയട്ടെ (ശംഭു പുരുഷോത്തമൻ), ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ (രതീഷ് ബാലകൃഷ്ണൻ പൊതുവാൾ), കയറ്റം (സനൽകുമാർ ശശിധരൻ) എന്നീ ചിത്രങ്ങളാണ് മലയാളം സിനിമ ടുഡേ വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
മത്സര വിഭാഗത്തിലേക്ക് ഇന്ത്യൻ സിനിമയിൽ നിന്നും മോഹിത് പ്രിയദർശി സംവിധാനം ചെയ്ത ഹിന്ദി ചിത്രമായ 'കോസ', അക്ഷയ് ഇന്ദിക്കർ സംവിധാനം ചെയ്ത മറാത്തി ചിത്രമായ 'സ്ഥൽ പുരാൺ' എന്നിവയും തിരഞ്ഞെടുത്തു.സംവിധായകൻ മോഹൻ ചെയർമാനും എസ് കുമാർ, പ്രദീപ് നായർ, പ്രീയ നായർ, ഫാദർ ബെന്നി ബെനഡിക്ട് എന്നിവർ അംഗങ്ങളുമായ സമിതിയാണ് മലയാളം സിനിമകൾ തിരഞ്ഞെടുത്തത്. സണ്ണി ജോസഫ് ചെയർമാനും നന്ദിനി രാംനാഥ്, ജയൻ കെ ചെറിയാൻ, പ്രദീപ് കുർബാ, പി വി ഷാജികുമാർ എന്നിവർ അംഗങ്ങളുമായ സമിതിയാണ് മറ്റ് ഇന്ത്യൻ ഭാഷകളിൽ നിന്നുള്ള സിനിമകൾ തിരഞ്ഞെടുത്തത്.
