മോഹന്‍ലാല്‍ ടൈറ്റില്‍ റോളിലെത്തുന്ന പ്രിയദര്‍ശന്‍റെ ബിഗ് ബജറ്റ് ചിത്രം 'മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം' റിലീസിന് മുൻപേ ഒരു റെക്കോർഡ് ഇട്ടിരിക്കുകയാണ്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന ചിത്രം ബുക്ക് മൈ ഷോയിൽ ഒരു ലക്ഷം ഇന്ററസ്റ്റുകൾ പൂർത്തിയാക്കിയിരിക്കുകയാണ്. ആദ്യമായി ആണ് ഒരു മലയാള ചിത്രം ഇത്രയധികം ഇന്ററസ്റ്റുകൾ ബുക്ക് മൈ ഷോയിൽ പൂർത്തിയാക്കുന്നത്. ചിത്രത്തിന്റെ ഔദ്യോഗിക പേജിൽ ഉൾപ്പെടെ ഈ സന്തോഷ വാർത്ത പങ്കുവെച്ചിട്ടുണ്ട്.
കഴിഞ്ഞ വർഷം മാർച്ചില്‍ റിലീസ് പ്രഖ്യാപിച്ച ചിത്രമായിരുന്നു മരക്കാർ. പിന്നീട് ലോക്ഡൗണും മറ്റും വന്നതോടെ സിനിമാ ഇൻഡസ്ട്രി തന്നെ അവതാളത്തിലാകുകയായിരുന്നു. പ്രിയദര്‍ശന്റെ സ്വപ്ന പ്രോജക്ടായ മരക്കാറില്‍ കുഞ്ഞാലി മരക്കാറുടെ റോളിലാണ് മോഹന്‍ലാല്‍ എത്തുന്നത്. പ്രണവ് മോഹന്‍ലാല്‍, അര്‍ജ്ജുന്‍, സുനില്‍ ഷെട്ടി, പ്രഭു, മഞ്ജു വാര്യര്‍, സുഹാസിനി, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, ഫാസില്‍, സിദ്ദിഖ്, നെടുമുടി വേണു, ഇന്നസെന്‍റ് തുടങ്ങി വലിയ താരനിരയും അണിനിരക്കുന്ന ചിത്രമാണിത്.

