പ്രഭാസ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'ആദി പുരുഷ് ' എന്ന ചിത്രത്തിന്റെ മുംബൈയിലെ സെറ്റിൽ വൻ തീപിടുത്തം. ഇന്നലെ വൈകുന്നേരമുണ്ടായ തീപിടുത്തത്തിൽ ആളപായം ഇല്ലെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സംഭവം നടക്കുമ്പോൾ അഭിനേതാക്കൾ സെറ്റിൽ ഉണ്ടായിരുന്നില്ല. ചിത്രത്തിന് വേണ്ടി തയ്യാറാക്കിയ ക്രോമാ സെറ്റ് മുഴുവനും നശിച്ചതായാണ് റിപ്പോർട്ട്. ഓം റൗട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം ഇന്നലെയാണ് മുംബൈയിൽ ആരംഭിച്ചത്.
പ്രഭാസിനോടൊപ്പം സെയ്ഫ് അലി ഖാനും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം 400 കോടി ബജറ്റിലാണ് ഒരുങ്ങുന്നത്. രാമായണത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്. ടി സീരീസാണ് നിർമാണം. തെലുങ്ക്, ഹിന്ദി, മലയാളം, തമിഴ് ഭാഷകളിൽ ചിത്രം പുറത്തിറങ്ങും. 2022 ആഗസ്റ്റ് റിലീസിനാണ് ചിത്രം ഒരുങ്ങുന്നത്.

