ട്വന്റി-ട്വന്റി എന്ന ചിത്രത്തിന് ശേഷം 'അമ്മ' സംഘടന ഒരുക്കുന്ന പുതിയ ചിത്രം വൈശാഖ് സംവിധാനം ചെയ്യും. 'അമ്മ' സംഘടനയുടെ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടന വേളയിൽ പ്രഖ്യാപിച്ച ചിത്രം പ്രിയദർശനും ടി.കെ രാജീവ് കുമാറും ചേർന്ന് ഒരുക്കുമെന്നായിരുന്നു അറിയിപ്പ്. എന്നാൽ ആ ചിത്രം ഉപേക്ഷിച്ചതായി കേരള കൗമുദി റിപ്പോർട്ട് ചെയ്യുന്നു.
ഉദയകൃഷ്ണയുടെ തിരക്കഥയിലാണ് മലയാളത്തിലെ പ്രമുഖ താരങ്ങൾ ഒന്നിക്കുന്ന പുതിയ ചിത്രം ഒരുങ്ങുക. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് 'അമ്മ' സംഘടനയ്ക്ക് വേണ്ടി ഈ ചിത്രം നിർമ്മിക്കുന്നത്. 'അമ്മ' സംഘടനയ്ക്ക് വേണ്ടി ജോഷി സംവിധാനം ചെയ്ത 'ട്വന്റി-ട്വന്റി' എന്ന ചിത്രത്തിൽ സഹസംവിധായകനായും വൈശാഖ് പ്രവർത്തിച്ചിട്ടുണ്ട്. മമ്മൂട്ടി നായകനായ 'മധുരരാജ'യാണ് വൈശാഖ് അവസാനമായി സംവിധാനം ചെയ്തത്.

