വിവാദങ്ങൾക്കിടയിൽ പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന 'കടുവ' എന്ന ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു. ‘അവർക്കു വേണ്ടത് പോരാട്ടം, അവന്‍ നൽകിയത് യുദ്ധം’ എന്ന അടിക്കുറിപ്പോടെയുള്ള പോസ്റ്റർ റിലീസ് ചെയ്താണ് ഈ വിവരം അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. അണിയറയിൽ ചില മാറ്റങ്ങളോടെയാണ് 'കടുവ'യുടെ ചിത്രീകരണം ആരംഭിച്ചത്. മാജിക് ഫ്രെയിംസിന്‍റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ, പൃഥ്വിരാജ് സുകുമാരൻ എന്നിവർ ചേർന്നാണ് നിര്‍മാണം.
തെന്നിന്ത്യൻ സംഗീത സംവിധായകൻ എസ്.തമന് പകരം ജേക്‌സ് ബിജോയ് ആണ് 'കടുവ'യ്ക്ക് സംഗീതം ഒരുക്കുക. 'കുരുതി, ഭ്രമം, ജന ഗണ മന, വിലായത്ത് ബുദ്ധ' തുടങ്ങിയ പൃഥ്വിരാജ് ചിത്രങ്ങൾക്കും സംഗീതം ഒരുക്കുന്നത് ജേക്സ് ബിജോയ് ആണ്. രവി.കെ ചന്ദ്രന് പകരം 'കടുവ'യ്ക്ക് ക്യാമറ ചലിപ്പിക്കുന്നത് അഭിനന്ദൻ രാമാനുജനാണ്. 'ആമേൻ, ഡബിൾ ബാരൽ, ചതുർമുഖം' തുടങ്ങിയ സിനിമകൾക്ക് ക്യാമറ കൈകാര്യം ചെയ്തത് അഭിനന്ദൻ രാമാനുജനാണ്.
ചിത്രത്തിന് തിരക്കഥ എഴുതുന്നത് ജിനു എബ്രഹാം ആണ്. കോട്ടയം, തിരുവനന്തപുരം എന്നിവിടങ്ങളാണ് സിനിമയുടെ പ്രധാന ലൊക്കേഷൻ.

