യുവ നടൻ ഷെയിൻ നിഗവും കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും തമ്മിലുണ്ടായിരുന്നു പ്രശ്നത്തിന് ഒത്തുതീർപ്പായി. ബുധനാഴ്ച 'അമ്മ'യും ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും തമ്മിൽ നടത്തിയ ചർച്ചയിലാണ് പ്രശ്നത്തിന് പരിഹാരമായത്.
ചർച്ചയിൽ ഉണ്ടായ തീരുമാനങ്ങൾ ഇവയൊക്കെയാണ് : ഏപ്രിൽ 18ന് മുൻപ് 'വെയിൽ', 'ഖുർബാനി' എന്നീ ചിത്രങ്ങളുടെ ജോലികൾ ഷെയിൻ നിഗം പൂർത്തിയാക്കണം. ഈ രണ്ട് ചിത്രങ്ങളും പൂർത്തിയാക്കാതെ വേറെ ചിത്രങ്ങളിലൊന്നും ഷെയിൻ അഭിനയിക്കാൻ പാടില്ല. ഷൂട്ടിങ് നിർത്തിവച്ചതുമൂലം സിനിമയ്ക്കുണ്ടായ നഷ്ടം പരിഗണിച്ച് ഒരു നിശ്ചിത തുക നഷ്ടപരിഹാരമായി ഷെയിൻ നിഗം നൽകണം.
'വെയിൽ' സിനിമയുടെ നിർമ്മാതാവിൽ നിന്നും വധഭീഷണി ഉണ്ടെന്നും പറഞ്ഞാണ് ഷെയിൻ നിഗം ഈ പ്രശ്നം തുടങ്ങിവെച്ചത്. സിനിമയിൽ തുടർന്ന് അഭിനയിക്കാൻ താൽപര്യം ഇല്ലെന്ന് കാണിച്ച് ഷെയിൻ നിഗം തല മൊട്ടയടിച്ചു. തുടർന്ന് പ്രശ്നം വഷളാവുകയും ഷെയിന്റെ ഒരു ചിത്രത്തിലും സഹകരിക്കില്ലെന്ന് ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ തീരുമാനം എടുക്കുകയും ചെയ്തു. ഇതിന് ശേഷമാണ് 'അമ്മ' സംഘടന പ്രശ്ന പരിഹാരത്തിന് മുൻകൈയെടുത്തതും ഒത്തുതീർപ്പിലേക്ക് എത്തിച്ചതും
