നീണ്ട ഇടവേളയ്ക്ക് ശേഷം നിർമാതാവിന്റെ റോളിലേക്ക് തിരികെയെത്തുകയാണ് പ്രശസ്ത സംവിധായകൻ ഫാസിൽ. 2004 ൽ പുറത്തിറങ്ങിയ മോഹൻലാൽ ചിത്രം 'വിസ്മയതുമ്പത്തി'ന് ശേഷം ഫാസിൽ നിർമിക്കുന്ന 'മലയൻ കുഞ്ഞ് ' എന്ന ചിത്രത്തിൽ മകനായ ഫഹദ് ഫാസിലാണ് നായകൻ. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഫഹദ് ഫാസിൽ സോഷ്യൽ മീഡിയ വഴി പങ്കുവെച്ചു. മഹേഷ് നാരായണന്റെ തിരക്കഥയിൽ നവാഗതനായ സജിമോനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ലോക്ക് ഡൗണിന് ശേഷം മഹേഷ് നാരായണൻ സംവിധാനം ചെയ്ത 'സീ യു സൂൺ', നസീഫ് യൂസഫ് സംവിധാനം ചെയ്ത 'ഇരുൾ' എന്നീ ചിത്രങ്ങളിൽ ഫഹദ് ഫാസിൽ അഭിനയിച്ചിരുന്നു. ദിലീഷ് പോത്തൻ സംവിധാനം ചെയ്യുന്ന 'ജോജി'യിലാണ് താരം ഇപ്പോൾ അഭിനയിക്കുന്നത്. കമൽ ഹാസൻ നായകനാകുന്ന 'വിക്രം' എന്ന ചിത്രത്തിലും ഫഹദ് ഫാസിൽ ഉണ്ടാകുമെന്ന വാർത്തകളും പുറത്തു വന്നിരുന്നു. എന്നാൽ ഈ വാർത്ത സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ എത്തിയിട്ടില്ല.

