സൂര്യയുടെ കരിയറിലെ ഏറ്റവും മികച്ച ചിത്രങ്ങളായിരുന്നു സിങ്കവും, സിങ്കം രണ്ടും മൂന്നും. ഹരി സംവിധാനം ചെയ്ത ഈ ചിത്രങ്ങൾക്ക് വലിയ സ്വീകാര്യതയാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്.
ഇപ്പോൾ ഇതാ സൂര്യയും ഹരിയും പുതിയ ചിത്രത്തിനായി വീണ്ടും ഒന്നിക്കുന്നു. 'അരുവാ' എന്ന് പേരിട്ടിരിക്കുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് ഏപ്രിലിൽ ആരംഭിക്കും.
സൂര്യയുടെ കരിയറിലെ 39 മത് ചിത്രമാണ് 'അരുവാ'. ഡി.ഇമ്മാനാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത്. ചിത്രം 2020 ദീപാവലി റീലീസായി എത്തുമെന്നാണ് ഇപ്പോഴത്തെ റിപ്പോർട്ടുകൾ.
സൂര്യയും ഹരിയും ഒന്നിക്കുന്ന 6 മത് ചിത്രമായിരിക്കും 'അരുവാ'. ആറു, വേൽ, സിങ്കം, സിങ്കം 2, സിങ്കം 3 എന്നിവയാണ് മറ്റു ചിത്രങ്ങൾ
വിക്രം നായകനായി എത്തിയ സാമി സ്ക്വയറാണ് ഹരി അവസാനമായി സംവിധാനം ചെയ്ത ചിത്രം. സുധാ കെ പ്രസാദ് സംവിധാനം ചെയ്യുന്ന 'സുരരായി പോട്രു' ആണ് സൂര്യയുടെ പുറത്തിറങ്ങാനുള്ള ചിത്രം. മലയാളി താരം അപർണ ബാലമുരളിയാണ് ചിത്രത്തിലെ നായിക.
