ദിലീഷ് പോത്തൻ സംവിധാനം ചെയ്ത തൊണ്ടി മുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതനാണ് എസ് ഐ സിബി തോമസ്. യഥാർത്ഥ പോലീസായ ഇദ്ദേഹം പിന്നീട് നിരവധി ചിത്രങ്ങളിൽ എസ് ഐ യുടെ വേഷമണിഞ്ഞു.
ഇപ്പോഴിതാ തിരക്കഥാകൃത്തിന്റെ റോളിൽ വീണ്ടും സിനിമയിൽ സജീവമാവുകയാണ് സിബി തോമസ്. ആസിഫ് അലിയെ നായകനാക്കി രാജീവ് രവി സംവിധാനം ചെയ്യുന്ന 'കുറ്റവും ശിക്ഷയും' എന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് സിബി തോമസും ശ്രീജിത്ത് ദിവാകരനും ചേർന്നാണ്. 2016ൽ സിബി തോമസ് കാസർകോട് ജോലി ചെയ്തിരുന്നപ്പോൾ ഉണ്ടായ യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്.
ചിത്രത്തിൽ ആസിഫ് അലിയെ കൂടാതെ സണ്ണി വെയ്നും അലൻസിയറും ഷറഫുദ്ദീനും പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു. സുരേഷ് രാജനാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. ദേശീയ അവാർഡ് ജേതാവ് അജിത് കുമാറാണ് എഡിറ്റിംഗ് നിർവഹിക്കുന്നത്.
