Skip to main content

Posts

RECOMMENDED VIDEO

GET QUICK WHATS APP UPDATES

അനൂപ് സത്യന്റെ അടുത്ത ചിത്രം സംവൃത സുനിലിനൊപ്പം

'വരനെ ആവശ്യമുണ്ട് ' എന്ന സിനിമയ്ക്ക് ശേഷം പുതിയ ചിത്രം സംവിധാനം ചെയ്യാനൊരുങ്ങി അനൂപ് സത്യൻ. ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സംവൃത സുനിലാണ്. ഈ മാസം അവസാനം ഷൂട്ടിങ് ആരംഭിക്കുന്ന ചിത്രം കൊറോണ കാലത്തെ കഥയാണ് പറയുന്നത്. സുരേഷ് ഗോപി, ശോഭന, ദുൽഖർ സൽമാൻ, കല്യാണി പ്രിയദർശൻ എന്നിവർ അഭിനയിച്ച അനൂപ് സത്യന്റെ ആദ്യ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിച്ചത്. സംവൃത സുനിലിന്റെ തിരിച്ചു വരവിന് ശേഷമുള്ള രണ്ടാമത്തെ ചിത്രമാകും ഇത്. 2019ൽ പുറത്തിറങ്ങിയ ബിജു മേനോൻ ചിത്രം 'സത്യം പറഞ്ഞാൽ വിശ്വസിക്കുവോ'യിൽ സംവൃത സുനിൽ അഭിനയിച്ചിരുന്നു. ചിത്രത്തിലേക്കുള്ള മുഴുവൻ കാസ്റ്റിങ് ഈ മാസം പകുതിയോടെ പൂർത്തിയാകുമെന്ന് സംവിധായകൻ അനൂപ് സത്യൻ അറിയിച്ചു.   

അഞ്ചാം പാതിരാ ടീം വീണ്ടും ഒന്നിക്കുന്നു

  ദൃശ്യം, മെമ്മറീസ്, രാക്ഷസൻ തുടങ്ങിയ ത്രില്ലർ സിനിമകൾ നെഞ്ചേറ്റിയ മലയാളികൾക്ക് കുഞ്ചാക്കോ ബോബൻ നായകനായ അഞ്ചാം പാതിരയിലൂടെ ഹിറ്റ് സമ്മാനിച്ച സംവിധായകനാണ് മിഥുൻ മാനുവൽ തോമസ്. മിഥുന്റെ കരിയറിലെ ആദ്യ സസ്പെൻസ് ത്രില്ലറായിരുന്നു ആഷിഖ് ഉസ്മാൻ നിർമിച്ച അഞ്ചാം പാതിരാ. ഇപ്പോഴിതാ ആ സൂപ്പർ ഹിറ്റ് കൂട്ടുകെട്ട് പുതിയ ത്രില്ലറിനായി വീണ്ടും ഒന്നിക്കുന്നു. അഞ്ചാം പാതിരാ നിർമിച്ച ആഷിഖ് ഉസ്മാനാണ് ഇക്കാര്യം സോഷ്യൽ മീഡിയ വഴി അറിയിച്ചത്. മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന ത്രില്ലർ ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ തന്നെയാകും നായകനായി എത്തുക. ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവരുമെന്നാണ് റിപ്പോർട്ട്.  അൻവർ റഷീദ് സംവിധാനം ചെയ്യുന്ന പുതിയ തമിഴ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നതും മിഥുൻ മാനുവൽ തോമസാണ്.

രജനികാന്തിന്റെ പാർട്ടി പ്രഖ്യാപനം ഉടൻ

  തമിഴ് സൂപ്പർ താരം രജനികാന്തിന്റെ പാർട്ടി പ്രഖ്യാപനം ഈ മാസം 31ന് നടക്കും. ട്വിറ്ററിലൂടെയാണ് രജനികാന്ത് ഇക്കാര്യം അറിയിച്ചത്. പാർട്ടിയുടെ പ്രവർത്തനം ജനുവരിയിൽ ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തനിക്ക് ആരോഗ്യ പ്രശ്നമുണ്ടെന്നും പക്ഷേ പാര്‍ട്ടി പ്രഖ്യാപനത്തെക്കുറിച്ച് ആലോചിച്ച് തീരുമാനമെടുക്കും എന്ന് രജനി നേരത്തെ പ്രതികരിച്ചിരുന്നു. അതിനുശേഷം ആദ്യമായി രജനി മക്കള്‍ മൺട്രത്തിന്റെ യോഗം കഴിഞ്ഞ മാസം വിളിച്ചിരുന്നു. യോഗത്തിന് ശേഷം തീരുമാനം എത്രയും വേഗം പ്രഖ്യാപിക്കുമെന്ന് അദ്ദേഹം അറിയിച്ചിരുന്നു. 2021ൽ നടക്കുന്ന തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയ പ്രവേശമുണ്ടാവുമെന്ന അഭ്യൂഹങ്ങൾക്ക് അറുതി വരുത്തി അടുത്ത വർഷം ജനുവരിയിൽ തന്റെ രാഷ്ട്രീയ പാർട്ടി ആരംഭിക്കുമെന്ന് രജനീകാന്ത് പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോൾ. “സത്യസന്ധവും ആത്മീയവുമായ ഒരു സർക്കാർ” കൊണ്ടുവരുമെന്നാണ് വാഗ്ദാനം. ഡിസംബർ 31ന് തന്റെ രാഷ്ട്രീയ പാർട്ടിയുടെ കൂടുതൽ വിവരങ്ങൾ പ്രഖ്യാപിക്കുമെന്ന് രജനികാന്ത് ട്വീറ്റിൽ പറഞ്ഞു.

'അനുരാധ Crime No.59/2019' ഷൂട്ടിങ് ആരംഭിച്ചു

  ഇന്ദ്രജിത്തും അനു സിത്താരയും വിഷ്‌ണു ഉണ്ണികൃഷ്ണനും ഒന്നിക്കുന്ന 'അനുരാധ Crime No.59/2019' എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു. ഷാൻ തുളസീധരൻ സംവിധാനം ചെയ്യുന്ന ചിത്രം ഗാർഡിയൻ ഏഞ്ചൽ, ഗോൾഡൻ എസ് പിക്ച്ചേഴ്സ് എന്നിവയുടെ ബാനറിൽ എയ്ഞ്ചലീന ആന്റണി, ഷെരീഫ് എം.പി, ശ്യം കുമാർ എസ്, സിനോ ജോൺ തോമസ് എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. കടുത്തുരുത്തിയിൽ ചിത്രീകരണം ആരംഭിച്ച ചിത്രത്തിൽ ഹരിശ്രീ അശോകൻ, ഹരീഷ് കണാരൻ,ജൂഡ് ആന്റണി, അനിൽ നെടുമങ്ങാട്, ശ്രീജിത്ത് രവി,സുനിൽ സുഗദ, അജയ് വാസുദേവ്,സുരഭിലക്ഷ്മി, സുരഭി സന്തോഷ്,ബേബി അനന്യ, മനോഹരി ജോയ് തുടങ്ങി മലയാളത്തിലെ പ്രമുഖ താരങ്ങളും അഭിനയിക്കുന്നുണ്ട്. ഛായാഗ്രഹണം- അജയ് ഡേവിഡ് കാച്ചപ്പിള്ളി നിർവ്വഹിക്കുന്നു. ഹരി നാരായണൻ, മനു മഞ്ജിത്ത്, ജ്യോതികുമാർ പുന്നപ്ര എന്നിവരുടെ വരികൾക്ക് ടോണി ജോസഫ് സംഗീതം പകരുന്നു.

ധ്യാനും അജുവും ഒന്നിക്കുന്ന പുതിയ ചിത്രം വരുന്നു

  മാക്‌സ്‌വെൽ ജോസ് സംവിധാനം ചെയ്യുന്ന 'കാലി പേഴ്‌സ് ഓഫ് ദി ബില്യണേഴ്സ് ' എന്ന സിനിമയിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ധ്യാൻ ശ്രീനിവാസനും അജു വർഗ്ഗീസും. തൻവി റാം നായികയാകുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിങ് കൊച്ചിയിൽ ആരംഭിച്ചു.  കൊച്ചിയിൽ ഐ.ടി കമ്പനി തുടങ്ങാൻ എത്തുന്ന ബിബിൻ ദാസ്, ബിബിൻ വിജയ് എന്ന് പേരുള്ള രണ്ട് യുവ സംരംഭകരയാണ് ധ്യാനും അജുവും അഭിനയിക്കുന്നത്. ജഗദീഷ്, രമേശ് പിഷാരടി, ധർമജൻ തുടങ്ങിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. കൂടാതെ അതിഥി വേഷത്തിൽ സണ്ണി വെയിനും ലെനയും രഞ്ജിനി ഹരിദാസും എത്തുന്നുണ്ട്. 

അംബിക റാവുവിന് സഹായവുമായി ജോജു

  'കുമ്പളങ്ങി നൈറ്റ്സ് ' എന്ന സിനിമയിൽ ബേബി മോളുടെ അമ്മയായി അഭിനയിച്ച് പ്രേക്ഷക ശ്രദ്ധ നേടിയ നടി അംബിക റാവുവിന് ചികിത്സ സഹായവുമായി ജോജു ജോർജ്‌. കിഡ്നി സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്ന അംബിക റാവുവിന്റെ ദുരവസ്ഥ സംവിധായകൻ സാജിദ് യഹിയ വഴിയാണ് ജോജു അറിയുന്നത്. തുടർന്ന് ചികിത്സയ്ക്ക് വേണ്ടി അടിയന്തരമായി ഒരു ലക്ഷം രൂപ നൽകാമെന്ന് ജോജു ഉറപ്പ് നൽകി. സുഹൃത്തുക്കളുടെയും, ഫെഫ്കയുടെയും, സിനിമാ രംഗത്തുള്ളവരുടെയും സഹായത്തോടെയാണ് ചികിത്സ മുന്നോട്ട് പോയി കൊണ്ടിരുന്നത്. എല്ലാ സഹായങ്ങളുമായി കൂടെ നിന്നിരുന്ന സഹോദരൻ അജിയും സ്ട്രോക്ക് വന്ന് ആശുപത്രിയിലായതോടെ തുടർചികിത്സയ്ക്കുള്ള വഴി കണ്ടെത്താനാകാതെ പ്രതിസന്ധിയിലായിരുന്നു അംബിക. തൊമ്മനും മക്കളും, സാൾട്ട് ആൻഡ് പെപ്പർ, രാജമാണിക്യം, വെള്ളിനക്ഷത്രം തുടങ്ങിയ സിനിമകളിൽ അസിസ്റ്റന്റ് ആയും അംബിക റാവു പ്രവർത്തിച്ചിട്ടുണ്ട്.

ഷക്കീല റിലീസിനൊരുങ്ങുന്നു

  തെന്നിന്ത്യൻ താരം ഷക്കീലയുടെ ജീവിതകഥ പറയുന്ന ബോളിവുഡ് ചിത്രം 'ഷക്കീല' ഈ ക്രിസ്തുമസിന് തീയേറ്ററുകളിലൂടെ റിലീസ് ചെയ്യുന്നു. ബോളിവുഡ് താരം റിച്ച ഛദ്ദയാണ് ഷക്കീലയായി അഭിനയിക്കുന്നത്. ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ച് കൊണ്ടുള്ള പുതിയ പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ചുവന്ന സാരിയുടുത്ത് കയ്യില്‍ തോക്കുമായി നില്‍ക്കുന്ന റിച്ചയാണ് പോസ്റ്ററില്‍ ഉള്ളത്. സമ്മി നന്‍വാനി, സഹില്‍ നന്‍വാനി എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഇന്ദ്രജിത്ത് ലങ്കേഷാണ്. പങ്കജ് ത്രിപാതി, മലയാളി താരം രാജീവ് പിള്ള തുടങ്ങിയ താരങ്ങളും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. 80കളിലും 90കളിലും മലയാളം, തമിഴ്, കന്നഡ, തെലുങ്ക് എന്നീ ഭാഷകളിലായി 250ലധികം ചിത്രങ്ങളിൽ ഷക്കീല അഭിനയിച്ചിട്ടുണ്ട്. പതിനാറാം വയസ്സിൽ ബി ഗ്രേഡ് സിനിമയിലേക്കെത്തിയ ഷക്കീലയുടെ ജീവിതവും തുടർന്ന് അവർക്ക് സംഭവിച്ച മാറ്റങ്ങളുമാണ് സിനിമയിൽ ചർച്ച ചെയ്യുക. താര രാജാക്കന്മാരുടെ ആധിപത്യത്തിലും ഷക്കീല ചിത്രങ്ങൾക്ക് ലഭിച്ച സ്വീകാര്യതയും ബോക്സ്ഓഫീസ് കലക്ഷനുമൊക്കെ സിനിമയിലും പ്രതിപാദിക്കും.

കെ.ജി.എഫിന്റെ സംവിധായകനും പ്രഭാസും ഒന്നിക്കുന്നു

  ‌കെ.ജി.എഫിന്റെ സംവിധായകൻ പ്രശാന്ത് നീലും പ്രഭാസും ഒന്നിക്കുന്നതായി റിപ്പോർട്ട്. പാൻ ഇന്ത്യ പ്രോജക്ടായി ഒരുങ്ങുന്ന ഈ സിനിമയുടെ ഔദ്യോഗിക സ്ഥിരീകരണം ഉടനുണ്ടായേക്കും. പ്രഭാസിന്റെ മൂന്ന് ചിത്രങ്ങൾ ഇതിനോടകം അണിയറയിൽ ഒരുങ്ങുന്നുണ്ട്. ഇപ്പോൾ കെ.ജി.എഫ് 2 ന്റെ ഷൂട്ടിങ് തിരക്കുകളിലാണ് സംവിധായകൻ പ്രശാന്ത് നീൽ. ഈ സിനിമയുമായി ബന്ധപ്പെട്ട് സംവിധാകൻ പ്രശാന്ത് നീൽ പ്രഭാസുമായി കൂടിക്കാഴ്ച നടത്തിയതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു. എന്നാൽ കെ.ജി.എഫ് സിനിമയുടെ നിർമാതാക്കളായ ഹോംബാലെ ഫിലിംസ് പുതിയ ചിത്രവുമായി ബന്ധപ്പെട്ട ഒരു പ്രഖ്യാപനം ഇന്ന് നടത്തുകയുണ്ടായി. ഹോംബാലെ ഫിലിംസ് നിർമിക്കുന്ന പുതിയ പാൻ ഇന്ത്യ ചിത്രത്തിന്റെ പ്രഖ്യാപനം ഡിസംബർ രണ്ടിന് നടത്തുമെന്നാണ് അവർ അറിയിച്ചിരിക്കുന്നത്‌. എന്നാൽ ഇത് പ്രശാന്ത് നീലും പ്രഭാസും ഒന്നിക്കുന്ന ചിത്രമാണോ എന്ന ആകാംക്ഷയിലാണ് എല്ലാവരും. 

ലാൽ ജോസിന്റെ പുതിയ സിനിമ വരുന്നു

  ബിജു മേനോൻ നായകനായ '41'ന് ശേഷം ലാൽ ജോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം വരുന്നു. 'അറബികഥ'യ്ക്കും 'ഡയമണ്ട് നെക്ക്ലയിസി'നും ശേഷം തന്റെ ഭാഗ്യ ലൊക്കേഷനായ ദുബായിൽ ചിത്രീകരിക്കുന്ന ഈ സിനിമയിൽ സൗബിൻ ഷാഹിർ, മംമ്ത മോഹൻദാസ്‌, സലിംകുമാർ എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. ഡോ. ഇഖ്ബാൽ കുറ്റിപ്പുറം തിരക്കഥ ഒരുക്കുന്ന ഈ സിനിമയിൽ ദമ്പതിമാരായാണ് സൗബിനും മംമ്തയും അഭിനയിക്കുന്നത്. ഇവർക്കൊപ്പം മൂന്നു കുട്ടികളും പൂച്ചയും കഥാപാത്രങ്ങളാകുന്നു. സലിംകുമാറും ഒരു റഷ്യക്കാരിയും മറ്റു പ്രധാനവേഷങ്ങളിൽ അഭിനയിക്കുന്നു. . തണ്ണീർമത്തൻ ദിനങ്ങൾ, ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ ജസ്റ്റിൻ വർഗീസാണ് സംഗീതസംവിധായകൻ. തണ്ണീർമത്തൻ ദിനങ്ങളിലെ ‘ജാതിക്കാ തോട്ടം’ എന്ന പാട്ടെഴുതിയ സുഹൈൽ കോയ ഈ സിനിമയ്ക്കും പാട്ടുകളെഴുതുന്നു. പുതിയ സിനിമയുടെ ചിത്രീകരണം ഡിസംബറിൽ ആരംഭിക്കുമെന്നാണ് റിപ്പോർട്ട്.

വമ്പൻ താരനിരയുമായി പൃഥ്വിരാജ് ചിത്രം വരുന്നു

  പൃഥ്വിരാജ് പ്രൊഡക്ഷൻസ് നിർമിക്കുന്ന മൂന്നാമത്തെ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. 'കുരുതി' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ വമ്പൻ താരനിരയാണ് അണിനിരക്കുന്നത്. പൃഥ്വിരാജ് തന്നെ നായകനാവുന്ന സിനിമ നവാഗതനായ മനു വാരിയറാണ് സംവിധാനം ചെയ്യുന്നത്. പൃഥ്വിരാജിനൊപ്പം സിനിമയില്‍ ഷൈന്‍ ടോം ചാക്കോ, ശ്രിന്ദ, മുരളി ഗോപി, മാമുക്കോയ, റോഷന്‍ മാത്യൂ, നവാസ് വളളിക്കുന്ന്, മണികണ്ഠന്‍ ആചാരി, നസ്ലന്‍, സാഗര്‍ സൂര്യ തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു.   ഡിസംബര്‍ ഒമ്പതിനാണ് കുരുതിയുടെ ചിത്രീകരണം ആരംഭിക്കുകയെന്നും പൃഥ്വി സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചു.അഭിനന്ദൻ രാമാനുജം ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന സിനിമയ്ക്ക് ജേക്ക്‌സ് ബിയോയ് സംഗീതവും റഫീഖ് അഹമ്മദ് ഗാനരചനയും നിര്‍വ്വഹിക്കുന്നു. എഡിറ്റിങ് അഖിലേഷ് മോഹനും പ്രൊജക്ട് ഡിസൈന്‍ ഗോകുല്‍ ദാസുമാണ്. കോസ്റ്റ്യൂം ഇര്‍ഷാദ് ചെറുകുന്ന്, മേക്കപ്പ് അമല്‍, ലൈന്‍ പ്രൊഡ്യൂസര്‍ ഹാരിസ് ദേസം, സ്റ്റില്‍സ് സിനാറ്റ് സേവ്യര്‍, സൗണ്ട് എഡിറ്റ്& ഡിസൈന്‍ അരുണ്‍ വര്‍മ്മ, ഓഡിയോഗ്രാഫി രാജകൃഷ്ണന്‍.

Facebook

Recommended Calls